കൊച്ചി: എല്‍പിജി ക്ഷാമം തുടരുന്നതിനിടെ ജില്ലയില്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ ആശുപത്രികള്‍, സ്കൂളുകള്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വരുന്ന ക്ഷേമ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ നിര്‍ദേശം.
ഇന്ധന കമ്പനി പ്രതിനിധികള്‍, വിതരണക്കാര്‍, ഉപയോക്താക്കള്‍ എന്നിവരുമായി ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ജില്ലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം കളക്ടര്‍ ജി. പ്രിയങ്കയാണ് നിര്‍ദേശം നല്‍കിയത്. സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി കേരള എല്‍പിജി സപ്ലൈ ട്രാക്കര്‍ എന്ന പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ധന കമ്പനി പ്രതിനിധികള്‍, വിതരണക്കാര്‍, ഉപയോക്താക്കള്‍ എന്നിവര്‍ക്ക് പോര്‍ട്ടലില്‍ പ്രവേശനം ഉണ്ടായിരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുന്‍ഗണനാക്രമം നിശ്ചയിച്ച് സിലിണ്ടറുകള്‍ അനുവദിക്കുന്നത്.
വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ ഉത്പാദനം ഒരു നിശ്ചിത ശതമാനം വര്‍ധിപ്പിക്കുന്നതിനും പോര്‍ട്ടലിലൂടെ ലഭ്യമായ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ വിതരണം ആരംഭിക്കുന്നതിനും പൊതുവിതരണവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.
ക്രമക്കേട് കണ്ടാല്‍ നടപടി
എല്‍പിജി വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. ഇതിനായി ജില്ലയിലെ എഴ് താലൂക്കുകളിലായി ഒമ്പത് സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ 100 കിലോഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത്തരം കേസുകളില്‍ അവശ്യസാധന നിയമ പ്രകാരം കേസെടുക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരം കേസുകളില്‍ നിയമപ്രകാരം നടപടി സ്വീകരിക്കും.